നിഴലുടൽ തേടുന്നത്
നാളെറെയായി ഞാൻ നിഴലിലേക്കുള്ള ദൂരമളക്കുന്നു. വെളിച്ചമറ്റത്തിനാലാകുമിപ്പോൾ നിഴൽപോലും എന്നിൽനിന്നകന്നിരിക്കുന്നു. സ്വന്തമായി നിഴൾരൂപമില്ലാത്ത ഞാൻ മറ്റൊരു നിഴലുടൽ തേടി നടന്നു. ചുവന്ന ചെമ്പനാകാശത്തിനു കീഴിൽ ഒരുപക്ഷെ എന്റെ നിഴൽ സ്വയമൊളിച്ചുകാണും. ഏറെ ദേശവും ഏറെ കാലവും.... ഏറെ നിറങ്ങളും ഏറെ ശബ്ദങ്ങളും.... നിഴലനകമുള്ളിടമെല്ലാം വെളിച്ചെമുള്ളിടങ്ങൾ. ഒടുവിൽ പണ്ടരക്കിട്ടടച്ച, ഓർമ്മകൾ പുളിച്ചു നാറുന്നൊരു ചെമ്പുവീപ്പയിൽ- സ്വയം വെന്തുകത്തിയ ആത്മാവുരുകിയൊലിച്ച്, ചോരവറ്റിയ എന്റെ നിഴലിന്റെ ചൂടിറങ്ങിച്ചുളിഞ്ഞ നീലദേഹം മുങ്ങി കിടന്നു വെളിച്ചം വാർന്നൊഴുകിയ തെളിഞ്ഞ പുലരികൾപോലുമെനിക്ക് കരിനീല വിഷം തീണ്ടിയ ഇരുളനോർമ്മകളായി. മഷി വറ്റിയ നീല ഞരമ്പുകളിൽ കണ്ണുനീർ നിലതെറ്റിയൊഴുകി. നൂറു സൂചിമുനകൾ ചേർത്തുതുന്നിയ മനസ്സിന്റെ തളിരിതളുകൾ പാടെ കൊഴിഞ്ഞു വീണു. പിന്നെയെന്നോ പകൽ തെന്നിമാറി രാവുവന്നെങ്കിലും എന്റെ കൺപീലികൾ നിഴൽത്തേടി നിന്നു. നിഴലിനൊരു വെളിച്ചമെത്തും വരെ.....