ചുവന്ന ഭൂതകാലത്തിലെ മഞ്ഞ വിഷാദം
തിരക്കുപിടിച്ച മാൾട്ടി നഗരത്തിന്റെ ഹൃദയഭാഗത്തിനിടയിൽ നിന്ന് കൊലുന്നനെയുള്ള ആ ശരീരം എങ്ങനെയോ എന്റെ കണ്ണിലുടക്കി, അത് സമീർ തന്നെയോ .എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവൻ ആകെ ശോഷിച്ചിരിക്കുന്നു . ഇനിയും തീരാത്ത ഏതോ പ്രാരാബ്ധ പ്രവാഹം കൊണ്ടാവാം അവൻ ആകെ മാറിപോയത്.ആ ചുവന്ന ഭൂതകാലം അവനെ ഇന്നും ജീവിപ്പിക്കുന്നു . നാളേക്ക് കത്തിയമരാൻ ഒരൽപം മാംസം മാത്രം ആ ശരീരത്തിൽ അവശേഷിച്ചു . എന്തൊക്കെയുണ്ട് സമീർ എന്നെനിക്കും സുഖം തന്നെയെന്ന് അവനും പറയണമെന്നുണ്ടായിരുന്നു പക്ഷെ ആ ശബ്ദം കേൾക്കാൻ ആവാത്തിടത്തോളം അകലേക്ക് ഞങ്ങളുടെ ഹൃദയങ്ങൾ പണ്ടേക്കു പണ്ടേ തന്നെ അകന്നു പോയിരുന്നു . സ്ഫുരിക്കുന്ന ചിരിയോടെമാത്രം കണ്ടിരുന്ന സമീറിന്റെ മുഖമാകെ കറുത്തുനീലിച്ചിരുന്നു .അവന്റെ പുരികതിലാകെമാനം എന്തോ ഭാരം തൂങ്ങി നിൽക്കുന്നുണ്ടായിരുന്നു .ഇനിയെന്തെന്നറിയാത്ത എന്തോ ഒരുതരം വിഭ്രാന്തി സമീറിന്റെ കൈവിരലുകളിൽ നിന്ന് തുളുമ്പി വീഴാൻ വെമ്പി നില്കുന്നത് ഞാൻ ശ്രദ്ധിച്ചു . ഉറങ്ങുമ്പോൾ ഉണർന്നിരിക്കുന്ന ചില നിഴലുകൾ ഇന്നും അവന്റെ ഉറക്കം കെടുത്തുന്നുണ്ടാവാം . ഓർക്കാൻ...