ചുവന്ന ഭൂതകാലത്തിലെ മഞ്ഞ വിഷാദം


തിരക്കുപിടിച്ച മാൾട്ടി നഗരത്തിന്റെ ഹൃദയഭാഗത്തിനിടയിൽ നിന്ന്  കൊലുന്നനെയുള്ള ആ ശരീരം എങ്ങനെയോ എന്റെ കണ്ണിലുടക്കി, അത് സമീർ തന്നെയോ .എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.   അവൻ  ആകെ ശോഷിച്ചിരിക്കുന്നു  . ഇനിയും തീരാത്ത ഏതോ പ്രാരാബ്ധ പ്രവാഹം കൊണ്ടാവാം അവൻ ആകെ മാറിപോയത്.ആ  ചുവന്ന ഭൂതകാലം അവനെ ഇന്നും ജീവിപ്പിക്കുന്നു  . നാളേക്ക് കത്തിയമരാൻ ഒരൽപം മാംസം മാത്രം ആ ശരീരത്തിൽ അവശേഷിച്ചു . എന്തൊക്കെയുണ്ട് സമീർ എന്നെനിക്കും  സുഖം തന്നെയെന്ന് അവനും പറയണമെന്നുണ്ടായിരുന്നു പക്ഷെ  ആ ശബ്ദം കേൾക്കാൻ ആവാത്തിടത്തോളം അകലേക്ക് ഞങ്ങളുടെ ഹൃദയങ്ങൾ പണ്ടേക്കു പണ്ടേ തന്നെ അകന്നു പോയിരുന്നു . സ്ഫുരിക്കുന്ന ചിരിയോടെമാത്രം കണ്ടിരുന്ന സമീറിന്റെ മുഖമാകെ കറുത്തുനീലിച്ചിരുന്നു .അവന്റെ പുരികതിലാകെമാനം എന്തോ  ഭാരം തൂങ്ങി നിൽക്കുന്നുണ്ടായിരുന്നു .ഇനിയെന്തെന്നറിയാത്ത എന്തോ ഒരുതരം വിഭ്രാന്തി സമീറിന്റെ കൈവിരലുകളിൽ നിന്ന് തുളുമ്പി വീഴാൻ  വെമ്പി നില്കുന്നത് ഞാൻ ശ്രദ്ധിച്ചു . ഉറങ്ങുമ്പോൾ ഉണർന്നിരിക്കുന്ന ചില നിഴലുകൾ ഇന്നും അവന്റെ ഉറക്കം കെടുത്തുന്നുണ്ടാവാം . 

ഓർക്കാൻ ഇഷ്ടമില്ലെങ്കിലും ഞാൻ ആ ദിനം ഓർത്തെടുക്കാൻ ശ്രമിച്ചു . എന്നത്തേയുംപോലെ കടന്നുപോയിക്കൊണ്ടിരുന്ന ആ പ്രഭാതത്തെ , ഫുട്ബാൾ ഉരുളുന്ന മൈതാനത്തെ , ഒരൽപ്പം കൂടുതൽ കറുത്ത കാർമുകത്തെ, സംസാരിച്ചിരിക്കുന്ന സമീറിനെ , നാമിയെ  അങ്ങനെ എല്ലാത്തിനെയും .അന്ന് ഏതോ ഒരു ബിന്ദുവിൽനിന്നാണ് എന്റെയും സമീറിന്റെയും  ജീവിതം  അതിന്റെ പിന്നോട്ടുള്ള കറക്കം ആരംഭിച്ചത് എന്നുഞാനിപ്പോൾ  തിരിച്ചറിയുന്നു .  തളം കെട്ടിയൊഴുകിയ ചോരയുടെ പച്ചമണം കാറ്റിൽ പടർന്നതു വളരെ വേഗമായിരുന്നു ഒപ്പം നാമിയുടെ കരച്ചിലും . നാമിയുടെ  അടുത്ത് രണ്ടാമതെത്തിയത് ഞാനായിരുന്നു . സമീർ നിർജ്ജീവമായി നിൽക്കുമ്പോഴും  ഒഴുകിത്തീരാതെ   നാമിയിൽ ഒരൽപം ജീവനവശേഷിച്ചിരുന്നു , ഒരൽപ്പം മാത്രം.

പിന്നീടുള്ള  രാത്രികൾ സത്യത്തിൽ വളരെ കറുത്ത് നീളമേറിയതായി എനിക്ക് തോന്നി  , നാമിയെ അന്വേഷിച്ചു  സമീർ  എല്ലായിടവും തിരിഞ്ഞുനടന്നു .പേരുറക്കെ വിളിച്ചുകൊണ്ട് , അവളുടെ ഇഷ്ട ഗാനം ആലപിച്ചുകൊണ്ട് ..... വിഷാദം എങ്ങനെ ഒരു മനുഷ്യനെ പൂർണ്ണമായും കാർന്നു തിന്നുന്നതെന്നു സമീർ കാട്ടിത്തന്നു .കരിനീലിച്ച രാത്രികളിൽ അവൻ ഒരിറ്റു കണ്ണീരില്ലാതെ കരയുന്നതും , ഭ്രാന്തമായി അട്ടഹസിക്കുന്നതും , സ്വയം മുറിവേൽപ്പിക്കണതും , ജീവഹാനിയുടെ ചക്രവാത ചുഴിയിലേക്ക് എടുത്തുചാടാൻ  ശ്രമിച്ചിരുന്നതും , നീണ്ടനാളത്തെ  ആശുപത്രി വാസവും , മിക്കിയിലെ ഇരുളൻ കാരാഗൃഹവും   എല്ലാം   കാലക്രമേണ  ഇനിയുമെത്താത്ത ചക്രവാളങ്ങൾ  തേടി ഒറ്റയ്ക്ക് പറക്കാൻ സമീറിനെ നിർബന്ധിതനാക്കി . അതിനുശേഷം സമീറിനെ വീണ്ടും കണ്ടുമുട്ടുന്നത് ഇപ്പോഴാണ് .

ഞാൻ വീണ്ടും വർത്തമാനത്തിലേക്ക് തിരികെവന്നു .ഞാൻ മെല്ലെ അവനു നേരെ  നടന്നു , അരികിലെത്തിയപ്പോഴേക്കും അവൻ എന്നെ മനസിലാക്കിയിരുന്നു  , "സന്ധ്യകൾക്കിപ്പോഴും  വാകപ്പൂ നിറംതന്നെയാണോ " അവന്റെ ചോദ്യത്തിനുത്തരമായി  ഞാൻ ചിരിക്കുകമാത്രം ചെയ്തു . മെലിഞ്ഞു നീണ്ട അവന്റെ  കൈകൾക്കും  , അതിലെ നീണ്ട സുന്ദരൻ വിരലുകൾക്കും , ഗോമേദക കല്ല് പതിപ്പിച്ച ആ പഴയ വെള്ളി മോതിരത്തിനും  ഇന്നും  യാതൊരു മാറ്റവുമില്ല . " നീ ആകെ മാറിപ്പോയിരിക്കുന്നു സമീർ " . എന്റെ ചോദ്യത്തിനുത്തരമായി  അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു "മുറിവുകളല്ലേ  ദേഹമാസകലം, അകവും പുറവും  വ്യത്യാസമില്ലാതെ. അതുകൊണ്ടാകും ". ഒരുപക്ഷെ ഇപ്പോഴുള്ള സമീറിനെ ഇതിൽക്കൂടുതൽ പറഞ്ഞുവെയ്ക്കാൻ  മറ്റൊരു വാക്യത്തിനാവില്ലായിരിക്കണം . 

എന്താ  അവൻ മറ്റൊന്നും പറഞ്ഞില്ല . ആശുപത്രിയിൽ അന്ന് നിറയെ തിരക്കുള്ള ദിവസമായിരുന്നു . എനിക്ക് എത്രയും പെട്ടന്ന്  അവിടെ എത്തേണ്ടിയിരുന്നു . " എങ്കിൽ ഞാൻ നടക്കട്ടെ സമീർ , കുറച്ചു തിരക്കുണ്ട് . നീ ആരെയെങ്കിലും കാത്തുനിൽക്കുകയാണോ , അല്ലെങ്കിൽ നമുക്കൊരുമിച്ചു പോകാം " . ആരെയോ കാത്തുനിൽക്കുന്നതായി  അവൻ തലയാട്ടി.   "ഞാൻ എത്തിക്കോളാം  നീ പോയിക്കോളൂ" സമീർ അതെന്റെ മുഖത്തുനോക്കാതെയാണ് പറഞ്ഞത്  . നീണ്ടു കിടക്കുന്ന വഴിയുടെ അറ്റത്തേക്ക്  മാത്രം നോക്കികൊണ്ടാണ്  അവൻ  ആദ്യം മുതൽ എന്നോട് സംസാരിച്ചിരുന്നത് . ഞാൻ മെല്ലെ ആശുപത്രിയിലേക്ക് നടന്നു .



അന്ന്  എന്റെ  മനസ്സിൽ  സമീറായിരുന്നു .ഞാൻ ആ പഴയ ഗ്രൂപ്പ് ഫോട്ടോ ഒന്നുകൂടെ എടുത്തു നോക്കി. അതിലെ നോമിയും സമീറും എന്നെ വീണ്ടും ചിന്തകളിലേക് തള്ളിയിട്ടു. ശരീരം  സങ്കീർണമാണെങ്കിലും ചിലപ്പോഴൊക്കെ അത് വളരെ ലളിതമാണ്.
 ഒരു വെള്ള പേപ്പർ പോലെ, സമീറിനെ പോലെ. ചിലപ്പോഴൊക്കെ എല്ലാ മനുഷ്യർക്കും ഉള്ളിലേക്ക് നോക്കാൻ ഒരു ചില്ലുവാതിൽ ഉണ്ടായിരുന്നെങ്കിൽ  എത്ര  നന്നായേനെ  എന്ന് ഞാൻ  ചിന്തിച്ചിട്ടുണ്ട്.പക്ഷെ ഓർമ്മകളുടെയും വേദനകളുടെയും ഭാരം താങ്ങാൻ ആവാതെ  എപ്പോഴെങ്കിലും അത് തള്ളിതുറന്നുപോയാലോ. ഒന്നോർത്താൽ കാലം അങ്ങനെയാണ്. ചിലപ്പോൾ അത് ചില  ക്രൂര  വിനോദങ്ങൾ  കാണിക്കും. എന്നിട്ടതുതന്നെ സാവധാനം മായ്ക്കുകയും ചെയ്യും.സമീറിന്റെ ചോര കിനിഞ്ഞിരുന്ന മുറിവുകളെല്ലാം ഒരുപക്ഷെ ഉണങ്ങി കാണണം.അതുമല്ലെങ്കിൽ ചോര വറ്റി കാണണം.

ചിന്തകൾ എന്നെ വീണ്ടും വിഴുങ്ങുന്നതിനു മുന്നേ തന്നെ ഞാൻ തിരികെ വന്നു.അത്യാഹിത വിഭാഗത്തിലേക്ക് പെട്ടന്ന് പോകേണ്ടി വന്നതിനാൽ ഞാൻ സമീറിനെ എന്റെ മേശയിൽ ഉപേക്ഷിച്ചു.

അപകടമായിരുന്നു . ഞാൻ മരണം സ്ഥിരീകരിച്ചു. മുഖമാകെ ഉടഞ്ഞിരുന്നു. തലയിലേറ്റ ക്ഷതം മരണകാരണം. കൂടെയുണ്ടായിരുന്നവർ പറഞ്ഞതനുസരിച്ചു ആത്മഹത്യയായിരുന്നു .മാൾട്ടിയിൽ വെച്ച്.എല്ലാ എഴുത്തുക്കുത്തുകളും കഴിഞ്ഞാണ് ഞാൻ അയാളുടെ കൈവിരലുകൾ ശ്രദ്ധിച്ചത്. അതിലെ മോതിരവും,  പെട്ടന്നു തളം കെട്ടിയൊഴുകിയ ചോരയുടെ പച്ചമണം കാറ്റിൽ പടർന്നു.


Comments

Popular posts from this blog

ദലന

പെയ്തു തീർന്നത്

ലാമോട്രൈജിൻ