വാകപ്പൂ നിറമുള്ള സന്ധ്യകൾ
വഴിതെറ്റി അലയുന്നവരെ തിരികെ കൊണ്ടുവിടുന്ന ആ അപരിചിതനെ തേടി സൂര്യനുറങ്ങാൻ വെമ്പുന്ന ഒരു നാട്ടിലേക്കു ഞാൻ നടന്നുകയറി.അയാൾ അവിടെ ഉണ്ടായിരുന്നില്ല . ചിലപ്പോൾ അയാൾക്കും വഴിതെറ്റിയിരിക്കാം .പതിവിലും കൂടുതൽ സിന്ദൂരമുള്ള ആ വൈകുന്നേരം എന്നെ ഭൂതകാലം മണക്കുന്ന താഴ്വരകളിലേക്ക് തള്ളിയിട്ടു . അവിടെ അപ്പോഴും ആ പൂവാകമരം നിറയെ പൂത്തു നിന്നിരുന്നു , അവിടെ ഒരു ചിത ഒരുങ്ങുന്നുണ്ടായിരുന്നു അതിലൊരു ചുവന്ന ശരീരവും ,ചുറ്റിലുമൊരുക്കൂട്ടം മനുഷ്യരും . ഞാനാ മനുഷ്യനെ അന്വേഷിച്ചു .വളരെദൂരം വഴിതെറ്റിവന്ന മറ്റേതെങ്കിലുമൊരു യാത്രക്കാരനെ കൊണ്ടുവിടാൻ അയാൾ ഒരുപക്ഷെ പോയിട്ടുണ്ടാകും.ഞാനാ ചുവന്ന പൂവാകയ്ക്കു കീഴെ അയാളെ കാത്തിരുന്നു . അപ്പോഴും ദൂരെ ആ ചിത ചുവന്ന തീ കാത്തിരിന്നു .നേരം സന്ധ്യയായിട്ടും വെയിലിന്റെ മഞ്ഞവിഷാദം അങ്ങിങ്ങായി തങ്ങിനിന്നു , ഞാനാ മനുഷ്യനെപ്പറ്റിയോർത്തു ജീവിതത്തിൽ ഒരിക്കലും വഴിതെറ്റാതെ ആ മനുഷ്യനെപ്പറ്റി,സ്നേഹംകൊണ്ട് നെരിപ്പോടെരിക്കുന്ന ആ മനുഷ്യനെ പറ്റി , കെട്ടുപിണഞ്ഞ അയാളുടെ ജീവിതത്തെ പറ്റി . സമയമിറ്റു വീഴുന്നുണ്ടായിരുന്നു . ഞാൻ ന...