നീല ആകാശങ്ങൾക്കപ്പുറത്തേക്ക് .
നീല ആകാശങ്ങൾക്കപ്പുറത്തേക്കുള്ള യാത്ര അത് പണ്ടേ തുടങ്ങേണ്ടിയിരുന്നു ഓർമ്മകൾ വേദനിപ്പിക്കാത്ത മേച്ചിൽപുറങ്ങൾ തേടി മൗനം മണക്കുന്ന താഴ്വരകൾ തേടി പകലുകളെരിഞ്ഞുതീർന്ന സന്ധ്യകൾ മാത്രമുള്ള ആകാശങ്ങൾക്കപ്പുറത്തുള്ള ആ ലോകത്തേക്ക് ഇന്നല്ലെങ്കിൽ നാളെ യാത്ര തിരിക്കണം. അറ്റം ഏതെന്നറിയാത്ത നീളം ഏത്രയെന്നറിയാത്ത,ഇനിയുംകണ്ടറിയാത്ത കാഴ്ചകളും കേട്ടറിയാത്ത വാക്കുകളും തേടിയുള്ള യാത്ര. നീണ്ടുകിടക്കുന്ന പാതയോരങ്ങളിലൂടെ , നടവഴിയമ്പലങ്ങളിലൂടെ , വിടരാ മോഹങ്ങൾ ഒരുകുന്നിമണിചെപ്പിലൊളിപ്പിച്ചു വച്ചിരിക്കുന്ന പുകമണമുള്ള നിലവറയിലൂടെ , അസ്തമ സൂര്യൻ കുങ്കുമ ചാന്തു വാരിവിതറിയ സിന്ദൂരം മണക്കുന്ന ഇടവഴികളിലൂടെ, തെയ്യക്കോലങ്ങൾ ചെമ്പട താളത്തിൽ ഉറഞ്ഞു തുള്ളുന്ന കളിയാട്ട കാവുകളിലൂടെ , കാക്ക പൂവുകൾ നീലയരുവികൾ തീർക്കുന്ന പുൽമേടുകളിലൂടെ ,ചുവപ്പൻ ചോദ്യങ്ങൾ കൺചിമ്മി നിൽക്കുന്ന പാതയോരത്ത് ഒരുപക്ഷെ ഒരപരിചിതനെ കാണുമായിരിക്കും , ആ പേരറിയാത്തവൻ ചിലപ്പോൾ പാതിമുറിഞ്ഞ വാക്കുകളും മഷി തീരാറായ തൂലികയും ക...