ഇന്നലെകളിലേക്ക്
ഇടയ്ക്കെവിടെയോ വച്ചു മറന്നു മുറിഞ്ഞ ഒരു തോറ്റം പാട്ടിന്റെ ഈരടികളാണ് എനിക്കെന്നും ഈ ആൽമരചുവട്ടിൽ ഓർമ്മകളുടെ തെക്കിനി വാതിൽ തുറന്നു തരുന്നത്. എന്നോ മറന്ന ആ ഉത്സവദിനങ്ങളും കളിയാട്ട കളവും, മുച്ചിലോട്ടു കാവും, എല്ലാം മിക്കപ്പോളും എന്നെ വല്ലാതെ മുറിവേൽപ്പിക്കാറുണ്ട്. ഇനി എത്രകാലം ആ ഓർമകളുടെ ചൂരും ചൂടും കിനാനൂരിന്റെ ആത്മാവിൽ കുടികൊള്ളും എന്ന് എനിക്കറിയില്ല. ഒരുപക്ഷെ എന്റെ വേരുകൾ അവിടെ ആഴത്തിൽ പതിഞ്ഞിട്ടുണ്ടാവാം. ഇരുട്ടിന്റെ തിരശീല വീഴാത്ത ഓർമ്മകൾ എന്നെ എത്രയോ തവണ ആ തായിവേരന്ന്വേഷിച്ചു പോകാൻ നിർബന്ധിച്ചിട്ടുണ്ടാവാം.ഇനിയും ഏറെ ദൂരം പോകാനുള്ള ചെമ്മൺ പാതകളും , ഓർമകളുടെ നഷ്ട്ട വസന്തങ്ങളെ വീണ്ടും വീണ്ടും തല്ലിയുണർത്തുന്ന നെൽകതിരുകളുടെ മാദക ഗന്ധവും , പാതിയിലെവിടെയോ നഷ്ട്ടപെട്ട, ഉഷസ്സറ്റുപോയ ഒരു പ്രണയത്തിന്റെ ജീവസ്സറ്റ ചിത്രവും എന്നെ വീണ്ടും വീണ്ടും ഞാനറിയാതെ ശ്വാസം മുട്ടിക്കുന്നു. അച്ഛന്റെ കൈപിടിച്ചു ഇനിയും ഞാൻ പോകാൻ ആഗ്രഹിക്കുന്ന അമ്പലമുറ്റവും, കയങ്ങളുറങ്ങുന്ന തേജസ്വിനിയുടെ മണൽ തിട്ടകളും, വയൽ വരമ്പുകളും, നീണ്ടു നിവർന്നു കിടക്കുന്ന നാട്ടിൻപുറ വഴികളും എന്നേ വീണ്ടും വീണ്ടും ഇന്നലെകളുട...